mahimlal19 - എന്റെ ഒരു സുഹൃത്ത് എന്നോട് ശബരിമല സ്ത്രീ പ്രവേശനത്തെ പറ്റി ഉന്നയിച്ച ചോദ്യങ്ങളും എന്റെ മറുപടിയും
1. നിങ്ങൾ ഹിന്ദു ആചാരങ്ങളെ മാത്രമേ വിമർശിക്കുന്നുള്ളൂ, മറ്റുമതങ്ങളെ വിമർശിച്ചാൽ കൈയും കാലും കാണില്ല. * ഞാൻ വിമർശിക്കുന്നത് ആചാരങ്ങളെ അല്ല അനാചാരങ്ങളെ ആണ്. പിന്നെ മറ്റുമതങ്ങളിലെ അനാചാരങ്ങളെ വിമർശിച്ചും നിരവധി പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. അപ്പോൾ നിങ്ങൾ എന്തിനാണ് അന്യമതങ്ങളെ വിമർശിക്കുന്നത് എന്ന് ചോദിക്കും. ഇത് ജനാധിപത്യ രാജ്യമല്ലേ, മതാധിപത്യ രാജ്യമാണോ എന്നൊക്കെ സംശയം തോന്നിപ്പോകുന്നു. ആത്മീയം എന്ന് അവകാശപ്പെടുമ്പോഴും മതങ്ങൾ കൊണ്ടാടുന്നത് തികഞ്ഞ ഭൗതീകതയെ ആണെന്ന തിരിച്ചറിവ് എന്നാണ് സഹോദരങ്ങളെ ഉണ്ടാകുക? 2.താങ്കളുടെ പെങ്ങളോടും അമ്മയോടും പറ ആർത്തവ സമയത്തു നിലവിളക്കു കൊളുത്താൻ എന്നിട്ട് പോരെ സ്ത്രീകൾ ശബരിമലയിൽ? * ഇത് കേട്ടാൽ തോന്നും വിളക്ക് കൊളുത്തുക എന്നത് ഒരു ഹിമാലയൻ ദൗത്യമാണെന്ന്. ആർത്തവം അതിന് തടസ്സമാണെന്ന്. ആ മനസ്സിൽ ഒരു മകരവിളക്ക് തെളിയട്ടെ എന്നാഗ്രഹിക്കുന്നു. 3.ശബരിമലയിൽ സ്ത്രീകളെ കയറ്റണം, അതിന് മുമ്പ് വാവരുപള്ളിയിൽ ദർശനം നടത്താനുള്ള അവസരം കൂടി മതേതര സഖാക്കൾ ഒരുക്കിക്കൊടുക്കണം. * ശബരിമലയിൽ എന്നല്ല ഒരു ആരാധനാലയത്തിലും സ്ത്രീകളെ വിലക്കാൻ പാടില്ല 4. തന്റെ ഭാര്യയെയും പെങ്ങളെയും ആദ്യം വിടണം. * ഈ അമ്മയും പെങ്ങളും ക്ളീഷേ ഒന്ന് മാറ്റിപ്പിടിക്കൂ. അവർ സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ളവരാണ്. നമ്മുടെ നിയന്ത്രണ രേഖയ്ക്ക് ഉള്ളിൽ നിൽക്കുന്നവരാകണം അവർ എന്നുള്ള പരമ്പരാഗത മുരട്ട് വാദത്തെ പുനഃപ്രതിഷ്ഠിക്കേണ്ടതല്ലേ? 5.ഹിന്ദു മതത്തിൽ അവശേഷിക്കുന്ന കുറച്ച് വിശ്വാസങ്ങൾ ഉണ്ട്, അതും കൂടെ ഇല്ലാതായാൽ ഹിന്ദു മതം പതിയെ ഇല്ലാതാകും. * ഇല്ലാതാകേണ്ടുന്ന വിശ്വാസങ്ങൾ ഇല്ലാതായാൽ ഹിന്ദുമതം ഇല്ലാതാകില്ല. പിതാമഹന്മാർ ആചരിച്ചിരുന്ന ആചാരങ്ങളുടെ ലിസ്റ്റ്: സതി, തീണ്ടൽ, അയിത്തം, മുലക്കരം, വഴി നടക്കുന്നതിനുള്ള വിലക്ക്, വിദ്യഭ്യാസത്തിനുള്ള വിലക്ക്, മാറുമറക്കലിനുള്ള വിലക്ക്, ദേവദാസി സമ്പ്രദായം. വസൂരി ദൈവകോപം ആണെന്നൊക്കെ ഒരിക്കൽ ഒരു വിശ്വാസം ആയിരുന്നു എന്നോർക്കുക. 6.ക്രിസ്ത്യാനിയുടെ ആചാരങ്ങൾ റോമിലെ പോപ്പും, മുസ്ലീമിന്റെ ആചാരങ്ങൾ മക്കയിൽ നിന്നും ഹിന്ദുവിന്റെ ആചാരങ്ങൾ കോടതിയും തീരുമാനിക്കും. ബെസ്റ്റ് ആചാരങ്ങൾ. * ഇന്ത്യയിൽ സർവശക്തൻ കോടതിയാണ്, ഭരണഘടന വിശുദ്ധഗ്രന്ഥവും. ആ ഭരണഘടന തന്നെ പലതവണ ആവശ്യമായ ഭേദഗതിക്ക് വിധേയം ആയിട്ടുമുണ്ട്. 7.വിശ്വാസികളായ സ്ത്രീകൾ മല ചവിട്ടണമെന്ന് പറഞ്ഞ് വന്നിട്ടുണ്ടോ? കേസ് കൊടുത്തിട്ടുണ്ടോ? * വന്നിട്ടുണ്ട്. കേസുകൊടുത്തിട്ടല്ല. എന്റെ പോസ്റ്റ് ഷെയർ ചെയ്ത ചില സ്ത്രീകളെ തെറിയഭിഷേകം നടത്തുകയും ഹിന്ദുധർമ്മം പഠിപ്പിക്കാൻ ചെല്ലുകയും ചെയ്തു. ബാഹ്യപ്രേരണയാൽ അതിലൊരാളെ ഇത്തരംപോസ്റ്റുകൾ ഷെയർ ചെയ്യുന്നതിൽനിന്ന് ജോലി ചെയ്യുന്ന സ്ഥാപനം വിലക്കാൻ നിർബന്ധിതമായി. കേസുകൊടുക്കുന്നതിന് മുന്നെതന്നെ ഒരു തീർപ്പുണ്ടാക്കുന്നതാണ് നല്ലത്. 8.മല ചവിട്ടണം എന്നാഗ്രഹം പറഞ്ഞ് സംസ്കാരത്തെ വ്യഭിചരിച്ച് നടക്കുന്ന ഒരു കൂട്ടം ഫെമിനിസ്റ്റുകളും അവരുടെ കൂടെ കുറച്ച് നിഗൂ നിഗൂഢശക്തികളും അല്ലേ.? * നല്ല സംസ്കാരസമ്പന്നൻ. സ്ത്രീകകൾ കയറിയാൽ അയ്യപ്പന് എന്തോ സംഭവിക്കുമെന്ന് പറഞ്ഞു ഹിന്ദുമതത്തെ അപമാനിക്കാൻ ശ്രമിക്കുന്നവരാണ് നിഗൂഢശക്തികൾ. അല്ലാതെ ഇത്തരം അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നവരല്ല. നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും ഒക്കെ അങ്ങനെയങ്കിൽ നിഗൂഢശക്തികൾ ആണ്. 9.കേരളത്തിലെ സ്ത്രീകൾക്ക് ഇല്ലാത്ത വിഷമം എന്തിനാടോ തനിക്ക്? * കാരണം അവർ ആചാരങ്ങളാൽ നാവ് കെട്ടപ്പെട്ടവരാണ്. സോഷ്യൽ കണ്ടീഷനിംഗ്. ആരോ പറഞ്ഞ ഒരു ഉദാഹരണം ഉണ്ട്. ഗ്ളാസ് ഭിത്തികൊണ്ട് വേർതിരിച്ച വലിയ പാത്രത്തിൽ സ്രാവിനെയും ചെറിയ മീനിനെയും ഇടുക. വിശക്കുമ്പോൾ സ്രാവ് ചെറുമീനിനെ പിടിക്കാൻ വന്ന് ഗ്ലാസ്സിൽ തലയിടിച്ച് നിൽക്കുന്നു. കുറെ തവണ അതാവർത്തിക്കുമ്പോൾ ഗ്ലാസ് എടുത്ത് മാറ്റിയാലും സ്രാവ് ചെറിയ മീനിനെ പിടിക്കാൻ മുതിരില്ല. സതി നിരോധിച്ചപ്പോൾ തങ്ങളുടെ അവകാശമാണെന്ന് പറഞ്ഞ സ്ത്രീകളും,1822-ൽ മാറിടം മറച്ച് കൽക്കുളം ചന്തയിലൂടെ ചാന്നാർ സ്ത്രീ നടന്നപ്പോൾ ആചാരം ലംഘിച്ചെന്നു പറഞ്ഞ മാറുമറക്കാത്ത സ്ത്രീകളും, പർദ്ദ അവകാശമാണെന്ന് പറയുന്നവരും, ആർത്തവം അശുദ്ധിയാണെന്ന് മനസ്സിൽ ഉറച്ചുപോയവരും ഇത്തരം സ്രാവുകളാണ്. 10.വീട്ടിൽ നിന്ന് മലക്ക് പോയിട്ടുള്ളവർക്ക് അറിയാം മാല ഇട്ടു 41 ദിവസം മത്സ്യമാംസാധികൾ കഴിക്കാതെ രണ്ട് നേരം കുളിച്ചു ശുദ്ധിവരുത്തി അയ്യനെ കാണാൻ ഇരുമുടിക്കെട്ടു കെട്ടിയാണ് ഓരോ അയ്യപ്പഭക്തനും പടി കയറുന്നത് * പമ്പയിൽ ചെന്ന് മാലയിട്ട് മലകയറുന്നവരും ഉണ്ട്. പിന്നെ പുരുഷന്മാരിൽ എത്ര പേര് 41 ദിവസത്തെ വ്രതം എടുത്തു പോകുന്നുണ്ട്? പുരുഷന്മാരേക്കാൾ നന്നായി വ്രതം നോക്കാനും ചിട്ടകൾ പാലിക്കാൻ സ്ത്രീകൾ സമർത്ഥരുമാണ്. 11.ഇപ്പോ ശബരിമലയിൽ എല്ലാരേയും കയറ്റണം എന്ന് പറയുന്നവർ ആദ്യം അടുത്തുള്ള അമ്പലത്തിൽ ഒകെ ഒന്ന് പോയി നോക്കുക.. * ശബരിമല മറ്റു ക്ഷേത്രങ്ങൾക്ക് സമം അല്ലന്നാണ് സ്ത്രീപ്രവേശനത്തിന് എതിർ നിൽക്കുന്നവർതന്നെ പറയുന്നത്…അപ്പോൾ…… 12.സർക്കാരു സ്വത്തല്ലേ പൊതുമുതൽ അല്ലേ ശബരിമല, ആർക്കും അതിൽ കേറാം എന്ന് പറയുന്നവരോട്, നിങ്ങൾ സംരക്ഷിക്കും എന്ന വിശ്വാസത്തിൽ അറിയാതെ കയ്യിൽ ഏല്പിച്ചു എന്നൊരു തെറ്റേ ഞങ്ങൾ ചെയ്തുള്ളു? * ജനാധിപത്യം പുലർന്നപ്പോൾ രാജാവിന്റെ കീഴിൽ ആയിരുന്നത് സർക്കാരിന്റെ കീഴിൽ ആയി. ആരും ആർക്കും കൊടുത്തതല്ല. അമ്പലം സ്വാകാര്യ സ്ഥലമല്ലെന്നും പൊതുസ്ഥലമാണെന്നും വാദം കേൾക്കുമ്പോൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പരാമർശിച്ചിട്ടുണ്ട്. ശബരിമല സ്വകാര്യ ഇടമാണ് എന്ന് വാദിക്കുന്നവർ മനസ്സിലാക്കേണ്ട കാര്യം പൊതുനിയമങ്ങൾ ലംഘിക്കാൻ പൗരന് അവകാശമില്ല എന്നതാണ്. ‘ആരാധനക്കായി സമയക്രമം നിശ്ചയിക്കാം. എന്നാൽ പ്രവേശനത്തിന് വിവേചനപരമായ വ്യവസ്ഥകൾ ഏർപ്പെടുത്താൻ കഴിയില്ല’ എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ‘ശാരീരിക സവിശേഷതയുടെ പേരിൽ ഒരു വിഭാഗത്തെ പ്രവേശനത്തിൽ നിന്ന് വിലക്കുന്നത് ഭരണഘടന തത്വങ്ങൾക്ക് നിരക്കാത്ത പ്രവർത്തിയാണ്. പിന്തുടരുന്ന ആചാരം അവിഭാജ്യമോ മാറ്റാൻ കഴിയാത്തതോ എന്നൊക്കെ പറഞ്ഞാലും, ഈ അടിസ്ഥാന തത്ത്വത്തിൽ മാറ്റമില്ല’ ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു 13.ശബരിമല ഇഷ്യൂവിനു പകരം അത് മറ്റൊരു മതത്തിന്റെ ആരാധനാലയതിനു എതിരെ ആയിരുന്നെങ്കിൽ ആ മതത്തിലെ ഓരോ കുഞ്ഞും അവരുടെ അനുഷ്ഠാ നങ്ങളും ആചാരങ്ങളും സംരക്ഷിക്കാൻ വേണ്ടി ഒറ്റക്കെട്ടായി നിന്നേനെ? * നിയമപരമായി ഇവിടെ പള്ളി (മുസ്ലിം, ക്രിസ്ത്യൻ) സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. നാട്ടാചാരം എന്ന് നിലയിൽ മുസ്ലിസ്ത്രീകൾ പള്ളിയിൽ പോകുന്നില്ല എന്നെ ഉള്ളു. ജാമിദ ടീച്ചറിനെപ്പോലുള്ളവർ ആ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. നാട്ടചാരങ്ങൾ ചാരമാകാൻ എത്ര കാലം എന്നേ സംശയമുള്ളൂ. 14.ദൈവത്തിൽ വിശ്വാസം ഇല്ലാത്തവരോ, അമ്പലത്തിന്റെ പടിപോലും കാണാത്തവരോ വന്ന് കണ്ടിട്ട് പോവാൻ മ്യൂസിയം ആയി എന്റെ അറിവിൽ ശബരിമലയേ പ്രഖ്യാപിച്ചിട്ടില്ല… * 1984- ൽ നമ്പിനാർ കെടുവതില്ലൈ എന്ന തമിഴ് ചലച്ചിത്രം ഷൂട്ടിങ്ങ് നടത്തിയപ്പോൾ നടി സുധാ ചന്ദ്രനും നിരവധി യൗവനയുക്തകളായ സ്ത്രീകളും പ്രവേശിച്ചച്ചിട്ടുണ്ട്. ജയമാല, ശാന്ത എന്നിവരുടെ വിവാദങ്ങളും ഓർക്കുക. 15.പരശുരാമൻ സ്ഥാപിച്ച 5 അയ്യപ്പക്ഷേത്രങ്ങളിൽ ശബരിമലയിലേത് ബ്രഹ്മചാരിയാണ്. മറ്റിടങ്ങളിൽ ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും പോകാൻ തടസ്സമില്ല. അച്ചൻകോവിൽ രണ്ടു ഭാര്യ സമേതമുള്ള അമ്പലം പണികഴിപ്പിച്ചതും പരശുരാമൻ തന്നെ. അപ്പോ സ്ത്രീ വിരോധിയായ പരശുരാമൻ എന്നുപറയാതിരിക്കാനായി ഓർമ്മിപ്പിച്ചെന്നേയുള്ളു. * പരശുരാമൻ കേരളം സൃഷ്ടിക്കുന്നതിന് മുന്നെ മഹാബലി കേരളം ഭരിച്ചത് എങ്ങനെയാണെന്ന് ഒന്നുപറഞ്ഞുതരാമോ? സയുക്തികളെയും അയുക്തികളെയും വേർതിരിച്ചറിയാൻ ശ്രമിക്കുക. മറ്റൊരു ശ്രദ്ധേയമായ കാര്യം ശബരിമല ബുദ്ധവിഹാരമായിരുന്നു എന്ന ശക്തമായ വാദമാണ്. ബുദ്ധസന്യസിമാരെ വധിച്ചിട്ടാണ് പൗരോഹിത്യം ശബരിമല പിടിച്ചടക്കിയതെന്ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ ശിലാശാസനത്തിൽ പറയുന്നുണ്ടത്രേ. ആക്രമണത്തിൽ ബുദ്ധസന്യാസിമാർ പമ്പാനദി നീന്തി കടന്നതിൽ നിന്നാണ് ‘പമ്പകടന്നു’ എന്ന പ്രയോഗം വന്നതെന്നും പറയപ്പെടുന്നു. 16. അല്ലയോ ‘മാന്യ’ സഹോദരാ ആർത്തവം അശുദ്ധി എന്ന് വിശ്വസിക്കുന്ന വിശ്വാസി സമൂഹം തന്നെയാണ് ഇത്രയും കാലം ആ വിശ്വാസം കൊണ്ട് നടന്നത്. ഇനി പെട്ടെന്നൊരു ദിവസം വിശ്വാസം ഇല്ലാത്ത ഒരാൾക്ക് കാണാൻ മാത്രം അവിടെ പാർക്കോ, ബീച്ചോ ഒന്നും അല്ല ഉള്ളത് എന്ന ചോദ്യം വളരെ വലുതാണ്.* ആരാധനാലായങ്ങൾ കച്ചവട കേന്ദ്രങ്ങളായി അധഃപതിച്ചതിനെക്കുറിച്ചാണ് കൂടുതൽ ആശങ്കപ്പെടേണ്ടത് എന്ന് തോന്നുന്നു. പളനിയിൽ പോയപ്പോൾ ഭക്തരെ മുതലെടുക്കനായി സൃഷ്ടിച്ചിരിക്കുന്ന പലവിധ സന്നാഹങ്ങൾ കണ്ടത് ഓർത്തുപോകുന്നു. നമ്മളോടൊപ്പം എല്ലാപ്രായത്തിലുള്ള സ്ത്രീകളും മലചവിട്ടി സ്വാമിയേ ശരണമയ്യപ്പാ എന്നുവിളിക്കുന്നതിലെന്തു തെറ്റാണുള്ളതെന്നാലോചിക്കുവാൻ സമയമായില്ലേ? 17. ആചാരങ്ങൾ തിരുത്തണം എന്നാണെങ്കിൽ എന്തിന് ഹിന്ദുക്കളുടെ മാത്രം? അതുപോലെ ഹിന്ദു ക്ഷേത്രങ്ങളിൽ നിന്ന് ഉള്ള വരുമാനത്തിന്റെ മുഖ്യ പങ്ക് കൊണ്ടുപോകുന്നത് സർക്കാർ ആണല്ലോ? * അതൊരു തെറ്റിദ്ധാരണ ആണ്. ദേവസ്വം ബോർഡിന്റെ പണം സർക്കാർ വിനിയോഗിക്കുന്നില്ല. വിവിധ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നു. ഇതിൻമേൽ ദേവസ്വം അഡീഷണൽ സെക്രട്ടറി പി. രാധാകൃഷ്ണന്റെ സത്യവാങ്മൂലം അനുസരിച്ച് ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ ഫണ്ട് ഖജനാവിന്റെ ഭാഗമാക്കുന്നില്ല. 80 ലക്ഷം സർക്കാർ നൽകുന്നുമുണ്ട് 18.ഹിന്ദുവായി പിറന്നവനെല്ലാം സ്ത്രീകളെ നികൃഷ്ടരായി കാണുന്നവരാണെന്ന മട്ടിലുള്ള താങ്കളുടെ ഫേസ്ബുക് പോസ്റ്റ് കണ്ടു. പരസ്യരംഗത്ത് ജോലി ചെയ്യുന്ന, തലക്കെട്ടു വാചകങ്ങൾ എഴുതുന്ന ഒരാൾക്ക് മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ച് നിസ്സാരമായി കഴിയുന്നതാണ്. പിന്നെ ഊളകൾ എന്ന് താങ്കളുടെ സംബോധന ചെയ്തതിനെക്കുറിച്ചു…അത് താങ്കളുടെ സാംസ്കാരിക ബോധമായി കാണുന്നു. *ഹിന്ദുവായി പിറന്നവനെല്ലാം സ്ത്രീകളെ നികൃഷ്ടരായി കാണുന്നവരാണെന്ന് പറഞ്ഞിട്ടില്ല. താങ്കളുടെ അഭിപ്രായം മാനിച്ച് ഊളകൾ എന്നത് പിൻവലിക്കുന്നു. ബാക്കി എല്ലാത്തിലും ഉറച്ചുനിൽക്കുന്നു. ഇതോടൊപ്പം ആറ്റുകാൽ ക്ഷേത്രത്തിന്റെ ‘സ്ത്രീകളുടെ ശബരിമല’ എന്ന പരസ്യവാചകം സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു 19.ഹിന്ദുമതം സ്ത്രീകളെയും അമ്മമാരെയും എങ്ങിനെയാണ് ഉൾക്കൊള്ളുന്നതെന്നും സമൂഹത്തിലും കുടുംബത്തിലും എന്തെന്തു സ്ഥാനങ്ങളാണ് കരുതിപ്പോരുന്നതെന്നും നോക്കിക്കാണൂ. *സ്ത്രീ ഇന്നും അടുക്കളക്കാരിയായി ജീവിക്കുന്ന വീടുകളിൽ, 6 മണി കഴിഞ്ഞാൽ സ്ത്രീക്ക് അസമയം ആകുന്ന നാട്ടിൽ, ആർത്തവം അശുദ്ധിയാണെന്ന് കരുതുന്ന സമൂഹത്തിൽ (തീണ്ടാരി എന്ന വാക്ക് തന്നെ ഉദാഹരണം) എന്തിനാണ് അധികം പറയുന്നത്? പല സൂപ്പർസ്റ്റാറുകളുടെയും സിനിമാ ഡയലോഗുകൾ സ്ത്രീവിരുദ്ധം ആയിരുന്നെന്ന് ഇപ്പോൾ പറയാൻ കാരണം മാറിയ കാലത്തിന്റെ ബോധോദയമാണ്. അവയിറങ്ങിയ കാലത്ത് അവയൊന്നും സ്ത്രീവിരുദ്ധമായിരുന്നില്ല. 20. വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് എങ്ങാണ്ട് വെച്ച അവസ്ഥയിൽ പാവം കവി.മറുപടി: ഉദ്ദേശിച്ച സാധനം ഇപ്പോൾ ഇല്ല. ജോക്കിയാണ്, ജോക്കി. * ആർത്തവം അശുദ്ധമാണെന്ന് കരുതി വീട്ടിൽ പോലും സ്ത്രീകൾക്ക് വിവേചനം നേരിട്ടിരുന്നത് നേരിൽ കണ്ടിട്ടുണ്ട്. അതിന് ചുക്കാൻ പിടിച്ചത് വീട്ടിലെ മുതിർന്ന സ്ത്രീകൾ തന്നെയായിരുന്നു എന്നതാണ് വൈരുദ്ധ്യം. സ്ത്രീയുടെ മുന്നേറ്റത്തിന് സ്ത്രീതന്നെ തടസ്സമാകുന്നത് അവരിൽ കുത്തിവച്ചിട്ടുള്ള വിശ്വാസം, നാട്ടുനടപ്പ് തുടങ്ങിയ പാരമ്പര്യരോഗങ്ങൾ മൂലമാണ്. ആരൊക്കെയോ ചേർന്ന് അടിച്ചേൽപ്പിക്കുന്നതിനെ അവർ അടുത്ത തലമുറയുടെ തലയിൽകെട്ടിവെച്ച് ആ കുറ്റത്തിൽ അറിയാതെ പങ്കാളികളാകുന്നു എന്നുമാത്രം.
Go BackYou will receive notification on email .
Click on the button below to confirm your subscription.
Your subscription has been confirmed. Undo
Opps!!! Due to some reason your request can not be fullfilled now. Please try later or contact us helpdesk@readwhere.com
You are already subscribed to this publication using email .
Click on the button below to cancel your subscription.
Your subscription has been cancelled successfully.