കെ എം ബഷീര്‍ ഞങ്ങള്‍ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മാധ്യമ ലോകത്തിനാകെയും ആരായിരുന്നുവെന്ന് ഓരോ ദിനവും വീണ്ടും വീണ്ടും തിരിച്ചറിഞ്ഞ് വേദനിച്ച ഒരു വര്‍ഷമാണ് കടന്നു പോയത്. അത്രമേല്‍ ഹൃദയഭേദകമായിരുന്നു ആ വിടവാങ്ങല്‍. മാധ്യമ പ്രവര്‍ത്തനത്തിലെ ധാര്‍മികതയും കൃത്യതയും കാത്തുസൂക്ഷിച്ച് തൊഴില്‍പരമായ പൂര്‍ണത കൈവരിക്കാന്‍ ബഷീറിന് സാധിച്ചു. പ്രാദേശിക ലേഖകനില്‍ നിന്ന് സംസ്ഥാന തലസ്ഥാന നഗരിയിലും രാജ്യ തലസ്ഥാനത്തും പ്രവര്‍ത്തിക്കാനുള്ള കരുത്ത് ബഷീര്‍ ആര്‍ജിച്ചത് വളരെ വേഗമായിരുന്നു. തൊഴില്‍പരമായ ആത്മാര്‍ഥതയും പുതിയ വിവരങ്ങള്‍ തേടാനുള്ള ചുറുചുറുക്കും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. സ്‌നേഹപൂര്‍ണമായ പെരുമാറ്റം കൊണ്ടും ആഴത്തിലുള്ള മാനുഷിക ബന്ധങ്ങള്‍ കൊണ്ടും ബഷീര്‍ താന്‍ ഇടപെട്ട മുഴുവന്‍ മനുഷ്യരുടെയും പ്രിയപ്പെട്ട കെ എം ബിയായി മാറി. കടുത്ത സമ്മര്‍ദങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുമ്പോഴും ചുറ്റുമുള്ളവരോട് എങ്ങനെയാണ് ഊഷ്മളമായി പെരുമാറാനാകുക എന്നതിന് ബഷീര്‍ എക്കാലത്തും മാതൃകയാണ്. തന്റെ പത്രം പുലര്‍ത്തുന്ന നിലപാടുകളെ പൊതുമധ്യത്തില്‍ ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്നതായിരുന്നു ബഷീറിന്റെ റിപ്പോര്‍ട്ടുകള്‍. മുറിവേല്‍പ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു വരി പോലും ബഷീര്‍ എഴുതിയില്ല. ഉത്തമ ബോധ്യവും കൃത്യതയും നിറഞ്ഞതായിരുന്നു വാര്‍ത്തകളും വിശകലനങ്ങളും. അതുകൊണ്ട് ഒരാഴ്ചയോ മാസങ്ങളോ കഴിഞ്ഞ് സംഭവിക്കാനിരിക്കുന്ന രാഷ്ട്രീയ, സാമൂഹിക ചലനങ്ങളെ ഇന്നേ എഴുതാന്‍ സാധിച്ചു. വെറുതെ പ്രവചിക്കുകയല്ല, വസ്തുതകളെ വിശകലനം ചെയ്ത്, പരമാവധി വിദഗ്ധരുമായി സംസാരിച്ച്, നന്നായി വായിച്ച് തയ്യാറാക്കുന്നത് കൊണ്ട് ഒരു റിപ്പോര്‍ട്ടും പാഴായിപ്പോയില്ല. ഒരു വാര്‍ത്തയും തിരുത്തേണ്ടി വന്നില്ല. ഉയര്‍ന്ന സാമൂഹിക നിരീക്ഷണ പാടവം കെ എം ബിയുടെ കൈമുതലായിരുന്നു എന്നതിന് സിറാജ് വാര്‍ഷിക പതിപ്പില്‍ സിസേറിയനുകളെ കുറിച്ച് തയ്യാറാക്കിയ പഠനം മാത്രം മതിയാകും. ബഷീര്‍ തയ്യാറാക്കിയ പരമ്പരകളിലെല്ലാം ഈ സമഗ്രത കാണാനാകും.
സിറാജ് ക്യാമ്പയിനുമായി ബന്ധപ്പെട്ട യോഗങ്ങള്‍ കഴിഞ്ഞ് പാതിരാത്രി കൊല്ലത്ത് നിന്ന് എത്തിയ ബഷീര്‍ ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നല്ലോ കുടിച്ചു ലക്കുകെട്ട ഐ എ എസ് ഉദ്യോഗസ്ഥന്‍ കാറിടിച്ച് കൊന്നത്. കേരളീയ മനഃസാക്ഷി ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്.
ആര്‍ജവമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എന്നൊക്കെ മഹത്വവത്കരിക്കപ്പെട്ടിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ മുഖംമൂടി അഴിഞ്ഞു വീഴുകയായിരുന്നു. കടുത്ത നിയമലംഘനങ്ങള്‍ മറച്ചു വെക്കാന്‍ നെറികെട്ട കളി നടക്കുന്നതാണ് പിന്നീട് കേരളം കണ്ടത്. തെളിവുകള്‍ തേച്ചുമായ്ച്ചു കളയാന്‍ കൊണ്ടുപിടിച്ച ശ്രമം നടന്നു. രക്ത പരിശോധന വൈകിപ്പിച്ചു. ഒമ്പത് മണിക്കൂര്‍ കഴിഞ്ഞ് എടുത്ത രക്ത സാമ്പിളില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരിക്കില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു പോലീസ്. ശ്രീറാമിന്റെ ഡോക്ടര്‍ ബുദ്ധിയും പ്രവര്‍ത്തിച്ചിരിക്കാം. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും വിചിത്രമായ മറവി രോഗത്തിന്റെ കഥകള്‍ വരികയും ചെയ്തു. വാഹനമോടിച്ചത് ശ്രീറാമാണെന്ന് വ്യക്തമായിരിക്കെ ആരാണെന്ന് അറിയില്ല എന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരുന്നത്.
താരതമ്യേന നിസ്സാരമായ വകുപ്പുകളിട്ടായിരുന്നു കേസ് എടുത്തിരുന്നത്. പിന്നീട് മാധ്യമങ്ങളുടെയും ബന്ധപ്പെട്ടവരുടെയും നിരന്തര സമ്മര്‍ദത്തിനൊടുവില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അഡീഷനല്‍ റിപ്പോര്‍ട്ടിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതും ശ്രീറാം വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്യുന്നതും. പക്ഷേ, മജിസ്‌ട്രേറ്റ് കോടതിയില്‍ ആ റിപ്പോര്‍ട്ടിന് കടലാസ് വിലയായി. ശ്രീറാം പുറത്തിറങ്ങി. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയെങ്കിലും തെളിവ് പ്രതി കൊണ്ടുവരുമോയെന്നാണ് പ്രോസിക്യൂഷനോട് കോടതി ചോദിച്ചത്. ഈ ഘട്ടങ്ങളിലെല്ലാം മാധ്യമങ്ങളും പൊതു സമൂഹവും അതിശക്തമായ പ്രതിഷേധവും ഉയര്‍ന്ന ജാഗ്രതയും പുറത്തെടുത്തതോടെ സര്‍ക്കാര്‍ ഇടപെട്ടുവെന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ അത്തരം ഇടപെടലുകളെല്ലാം വിഫലമാക്കാന്‍ മാത്രമുള്ള അട്ടിമറികള്‍ തുടക്കത്തിലേ നടന്നു കഴിഞ്ഞിരുന്നു.
ഏറ്റവും ഒടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തിരിക്കുകയാണ് സര്‍ക്കാര്‍. ലോകത്തിന്റെ മറ്റു ഭാഗങ്ങളോടൊപ്പം കേരളവും കൊറോണ വ്യാപനത്തെക്കുറിച്ചുള്ള ഭീതിയില്‍ കഴിയവെ, ഈ അവസരം മുതലെടുത്ത് ഐ എ എസ് ലോബി നടത്തിയ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് സര്‍ക്കാര്‍ ശ്രീറാമിനെ ആരോഗ്യവകുപ്പിലെ ഒരു നിര്‍ണായക പോസ്റ്റില്‍ നിയമിച്ചത്. കൊറോണ പ്രതിരോധ ചുമതലയോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ ജോയിന്റ്സെക്രട്ടറിയായാണ് നിയമനം. സര്‍ക്കാര്‍ എത്ര തന്നെ ന്യായീകരിച്ചാലും നീതി ആഗ്രഹിക്കുന്ന ഒരാള്‍ക്കും ഈ തീരുമാനം ഉള്‍ക്കൊള്ളാനാകില്ല.
ബഷീറിന്റെ വിയോഗത്തിന് ഒന്നാമാണ്ട് തികയുന്ന ഈ ദിനത്തിലും കേസിലെ അട്ടിമറികള്‍ പറയേണ്ടി വരുന്നത് ഖേദകരമാണ്. നമ്മുടെ നിയമപാലന വ്യവസ്ഥയെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ബന്ദിയാക്കുമ്പോള്‍ ഇതെങ്ങനെ പറയാതിരിക്കും? ഒരു കാലത്തുമില്ലാത്ത വിധം മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീതിക്കായി മുറവിളി കൂട്ടിയിട്ടും ജനസമൂഹം ഒന്നാകെ സമ്മര്‍ദം ചെലുത്തിയിട്ടും ഈ വ്യവസ്ഥയെ നേരായ വഴിയിലേക്ക് കൊണ്ടുവരാന്‍ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് സാധിക്കുന്നില്ലെങ്കില്‍ സാധാരണക്കാരന് എന്ത് പ്രതീക്ഷയാണ് ഉള്ളത്? മനുഷ്യന്റെ സൈ്വര ജീവിതം കവരുന്ന ലഹരി, ഉദ്യോഗസ്ഥരുടെ പ്രിവിലേജുകള്‍ ഉപയോഗിച്ചുള്ള ആഘോഷം, പോലീസിന്റെ നെറികെട്ട പക്ഷപാതിത്വം, സര്‍ക്കാറിന്റെ തലക്ക് മുകളിലിരുന്ന് ഭരിക്കുന്ന സിവില്‍ സര്‍വീസ് ലോബി… ഇങ്ങനെ നിരവധിയായ പുഴുക്കുത്തുകളിലേക്ക് വെളിച്ചം വീശിയാണ് ബഷീറിന്റെ ജീവിതം അണഞ്ഞു പോയിരിക്കുന്നത്. ബഷീറിനെ ഓര്‍ക്കുമ്പോള്‍ ഇതെല്ലാം ഓര്‍ക്കുന്നു. നീതിക്കായുള്ള മുറവിളി ഉയരുന്നു. ബഷീറിന്റെ ഭാര്യക്ക് ജോലി നല്‍കി ആ കുടുംബത്തെ ചേര്‍ത്ത് പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് മറക്കുന്നില്ല. മുഖ്യമന്ത്രിയടക്കം എടുത്ത മുന്‍കൈയുകളെയും വിലമതിക്കുന്നു. എന്നാല്‍ കോടതിയില്‍ നീതി പുലരണം. അതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാകണം. കുറ്റവാളിക്ക് പരിരക്ഷ കിട്ടില്ലെന്ന് ഇനിയെങ്കിലും ഉറപ്പ് വരുത്തണം.
ഇപ്പോള്‍ നമ്മോടൊപ്പം ഇല്ലെങ്കിലും ബഷീര്‍ അവശേഷിപ്പിച്ച പ്രൊഫഷനല്‍ മൂല്യങ്ങളുണ്ട്. ആത്മാര്‍ഥയുണ്ട്. സൗമ്യതയുണ്ട്. സഹാനുഭൂതിയുണ്ട്. അത് പകര്‍ത്തുകയാണ് നമുക്ക് ചെയ്യാവുന്നത്. ഒപ്പം ബഷീറിന് വേണ്ടി പ്രാര്‍ഥിക്കാം. മറക്കാതിരിക്കാം.