പ്രിയരേ,
മുംബൈയിലെ മുന്‍തലമുറയുടെ പരിശ്രമംകൊണ്ട് പടുത്തുയര്‍ത്തിയ ചില പ്രസ്ഥാനങ്ങള്‍ അന്യാധീനപ്പെട്ടുപോകുന്ന കാഴ്ചകളെക്കുറിച്ച് ജാലകത്തിന്റെ മുന്‍ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. മാട്ടുംഗ ഫ്രണ്ട്‌സ് മ്യൂസിക് അസ്സോസിയേഷന്റെ അന്യാധീനപ്പെട്ടുപോയ സ്വത്തുവകകള്‍ തിരിച്ചുപിടിക്കുന്നതിനുവേണ്ടി രൂപംകൊടുത്ത ആക്ഷന്‍ കൗണ്‍സിലിന്റെ, മുബൈയില്‍ നടന്ന യോഗത്തിന്റെ വിശദമായ റിപ്പോര്‍ട്ടാണ് ഈ ലക്കം മുംബൈ ജാലകത്തിന്റെ ഒന്നാം പേജില്‍. ശ്രീമതി ഇന്ദിര കുമുദ് തയ്യാറാക്കിയ ഈ ധീരമായ റിപ്പോര്‍ട്ട് മുംബൈ മലയാളികളെ കൂടുതല്‍ ജാഗ്രത്താക്കും എന്ന് പ്രത്യാശിക്കുകയാണ്. അതോടൊപ്പം ആക്ഷന്‍ കൗണ്‍സിലിന് എല്ലാ പിന്‍തുണയും നല്‍കേണ്ടത് ഓരോ മുംബൈ മലയാളിയുടേയും കടമയാണ് എന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ്.
ഈ ലോകത്തെ നയിക്കാന്‍ പുരുഷനോടൊപ്പം തോളോടു തോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവളാണ് സ്ത്രീ. അവളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഈ നാടിന്റെ കടമയാണ് എന്നോര്‍മ്മിപ്പിക്കുകയാണ് 45 ാം ലക്കത്തിന്റെ ഡോ. വേണുഗോപാല്‍ എഴുതിയ എഡിറ്റോറിയല്‍ ലേഖനം. വളരെ ചുരുങ്ങിയ കാലംകൊണ്ട് വായനക്കാര്‍ ഏറ്റെടുത്ത പംക്തിയാണ് നിഷ ഗില്‍ബര്‍ട്ടിന്റെ 'ബാല്‍ക്കണി'. ഈ ലക്കം മുതല്‍ ക്ലാസ്സിക് സിനിമകളെക്കുറിച്ച് വളരെ ഗഹനമായ ആസ്വാദനത്തിനുള്ള വേദിയാവുകയാണ് ബാല്‍ക്കണി. ഷബിതയുടെ കഥ മന്ദാക്രാന്താമദനതരംഗം എന്ന കഥയുടെ ആസ്വാദനമാണ് ഇത്തവണത്തെ കാണാപ്പുറം പംക്തിയില്‍ ഡോ. മിനിപ്രസാദ് നടത്തുന്നത്.
ആര്‍. കെ. മാരൂരിന്റെ മഹാരാഷ്ട്രയിലെ തടവറകളെക്കുറിച്ചുള്ള ലേഖന പരമ്പര നാളിതുവരെ വായിച്ചതില്‍ വെച്ച് ഏറ്റവും തീവ്രമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുകയാണ്. സാധാരണക്കാരന് പരിചിതമല്ലാത്ത ജീവിതാവസ്ഥകളെ മാരൂര്‍ അസാധാരണമായ ഭാഷയില്‍ ആവിഷ്‌ക്കരിക്കുന്നു.
മ്യൂട്ടേഷനെക്കുറിച്ചുള്ള ചില കനപ്പെട്ട സംഗതികളെ സരസനായ ഒരദ്ധ്യാപകന്റെ മികവോടെ കൈകാര്യം ചെയ്യുന്ന, ഡോ. പി. ഹരികുമാറിന്റെ പംക്തി മുംബൈ ജാലകത്തിന് ഒരു മുതല്‍കൂട്ടാണ്.
മുംബൈയിലെ യുവകഥാകാരന്‍ നകുലന്‍ എഴുതിയ കഥ 'കരയുന്ന അമ്മ', ഉണ്ണി വാര്യത്ത് എഴുതിയ മിനിക്കഥ എന്നിവ ജാലകത്തിന്റെ ഈ ലക്കത്തിന് കനമേറ്റുന്നു.
നന്നായി വായിക്കുക... നന്നായി എഴുതുക... മുംബൈ ജാലകം നിങ്ങള്‍ക്കൊപ്പമുണ്ട്
സസ്‌നേഹം
മുംബൈ ജാലകം പ്രവര്‍ത്തകര്‍
മുംബൈ മലയാളികളുടെ മുഖപത്രം