പ്രിയ വാനയക്കാരെ, മുന്‍പും പറഞ്ഞിട്ടുണ്ട്, 'മുംബൈ ജാലകം ഒരു സംവാദ ഭൂമികയാണ്'. ജനാധിപത്യപരമായ സംവാദങ്ങളുടെ ഇടം. മുംബൈ ജാലകത്തില്‍ മുന്‍ ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ച എഫ്.എം.എ. പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരമായിരിക്കുന്നു. ഇവിടെ കെ.കെ.എസും, മുംബൈ ജാലകവും ഒരു ചരിത്ര ദൗത്യമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. അതിനെക്കുറിച്ചാണ് ജാലകത്തിലെ ഇത്തവണത്തെ ലീഡ് സ്റ്റോറി, തയ്യാറാക്കിയത് *ദിനേശ് പൊതുവാള്‍, ഇന്ദിര കുമുദ്* എന്നിവര്‍ ചേര്‍ന്നാണ്. കോവിഡ്-19 ന്റെ രണ്ടാം തരംഗത്തെക്കുറിച്ചാണ് *ഡോ. വേണുഗോപാല്‍* എഴുതിയ ഇത്തവണത്തെ ജാലകം എഡിറ്റോറിയല്‍. പുരുഷകേന്ദ്രീകൃതമായ സാമൂഹിക വ്യവസ്ഥയില്‍ അതിന്റെ ഉല്‍പന്നങ്ങളാണ് ഇവിടുത്തെ രാഷ്ട്രീയ നേതാക്കള്‍. ചരിത്ര വിദ്യാഭ്യാസവും, സാമൂഹികബോധവുംകൊണ്ട് അവനവനെത്തന്നെ ഉടച്ചുവാര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ രാഷ്ട്രീ നേതാക്കള്‍ വിഢിത്തം വിളമ്പിക്കൊണ്ടേയിരിക്കും. അതിനെക്കുറിച്ചാണ് *മാനസി*യുടെ ജനപ്രിയ കോളം എഴുത്തോളത്തിലെ ലേഖനം. സച്ചിദാനന്ദന്റെ മനോഹര കവിതയാണ് ഈയിടെ പ്രസിദ്ധീകരിച്ച 'ഏതു രാമന്‍?' എന്ന കവിത. ഈ കവിതയെക്കുറിച്ചുള്ള ഒരാസ്വാദനമാണ് ഇത്തവണ *ഡോ. മിനിപ്രസാദ്* അവരുടെ കോളത്തില്‍ നിര്‍വ്വഹിക്കുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ട് വായനക്കാര്‍ ഏറ്റെടുത്ത പംക്തിയാണ് *നിഷ ഗില്‍ബര്‍ട്ടിന്റെ* ബാല്‍ക്കണി. അതില്‍ കഴിഞ്ഞ ലക്കം മുതല്‍ തുടങ്ങിയ സിനിമാസ്വാദനം ഈ ലക്കത്തില്‍ ലിജൊ ജോസ് പല്ലിശ്ശേരിയുടെ ഈ.മ.യൗ എന്ന സിനിമയെക്കുറിച്ചാണ്. *ആര്‍.കെ.മാരൂരിന്റെ* തടവറകളെക്കുറിച്ചുള്ള പരമ്പര അതിന്റെ അവസാന ഭാഗത്തോടടുക്കുകയാണ്. ജാലകത്തിന്റെ ഈ ഹ്രസ്വകാല ചരിത്രത്തില്‍ ഇത്രയും വേറിട്ടൊരു ലേഖന പരമ്പര ആദ്യമായാണ്. സാധാരണ വായനക്കാരില്‍ ഭീതിയും ജുഗുപ്‌സയും സൃഷ്ടിക്കുന്ന തടവറകളിലേയും മോര്‍ച്ചറികളിലേയും യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് സഞ്ചരിക്കുന്ന പരമ്പരയാണിത്. *ഡോ. പി. ഹരികുമാറിന്റെ* ശാസ്ത്ര പരമ്പരയുടെ മറ്റൊരു രസകരമായ ലക്കംകൂടി നമുക്കു വായിക്കാം. *രേഖ രാജ്, തൊടുപുഴ കെ. ശങ്കര്‍, രമ പിഷാരടി* തുടങ്ങിയവരുടെ കവിതകളും ഈ ലക്കത്തിലുണ്ട്. വായിക്കുക, പ്രതികരിക്കുക, പ്രചരിപ്പിക്കുക. സസ്‌നേഹം *മുംബൈ ജാലകം പ്രവര്‍ത്തകര്‍*
മുംബൈ മലയാളികളുടെ മുഖപത്രം