Book By KGS , ഇരുപതാംനൂറ്റാണ്ടിന്റെ പാതി അനുഭവിച്ചുതീര്‍ത്ത കവി യൗവ്വനത്തിന്റെ തീക്ഷ്ണമായ ദിനങ്ങള്‍ പിന്നിട്ട് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നില്‍ക്കുന്നു. ഇന്നത്തെ ജീവിതസന്ദര്‍ഭങ്ങളില്‍ പെരുകുന്ന വെല്ലുവിളികള്‍ ആഴത്തിലറിഞ്ഞും സൂക്ഷ്മമായി നേരിട്ടും അനീതിയോട് കലഹിച്ചും ഈ കവിതകള്‍. ഇവയില്‍ നാമറിയുന്നു ചരിത്രത്തിലെ ഏറ്റവും പുതിയ നിമിഷത്തിന്റെ പരുഷ യാഥാര്‍ത്ഥ്യം. നവോത്ഥാന വെളിച്ചത്തിന് ശേഷവും നാട്ടില്‍ പടരുന്ന ജാതി മത വെറുപ്പും സ്ത്രീപീഡനവും നാഗരികാര്‍ത്തിയും പൗരത്വഭ്രാന്തും മറ്റനേകം ഹിംസകളും ചേര്‍ന്ന പുതിയ സമയക്കയ്പ്പിന്റെ നിശിത വിശകലനം തരുന്ന ഉള്‍ക്കാഴ്ചകളുടെ സാരസാന്ദ്രത ഈ കവിതകളുടെ ആഴവും അഴകും മൂല്യവും നിര്‍വ്വചിക്കുന്നു. പ്രതിരോധദാര്‍ഢ്യം മനുഷ്യത്വത്തിന്റെ പതാകയാവുന്ന കവിതകള്‍. ഇതിലെ തകഴിയും മാന്ത്രികക്കുതിരയും എന്ന കവിത ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ സാഹിത്യ ഉള്‍ക്കാഴ്ചയുണര്‍ത്തുന്നു. പരിസ്ഥിതിയെ വെല്ലുവിളിക്കുന്ന ചൂഷകശക്തികള്‍ക്കെതിരെ പരദേശി അധിനിവേശത്തിന്റെ മാന്ത്രികക്കുതിരയെ തുരത്താന്‍ കഴിയുന്ന സഹജ പ്രതിരോധം നാട്ടില്‍ത്തന്നെയുണ്ട്. കണ്ടന്‍ മൂപ്പന്‍ തെളിവ്.