Taslima Nasrin തസ്ലീമ നസ്റിൻറെ ആത്മകഥയുടെ മൂന്നാം ഭാഗമായ “ദ്വിഖണ്ഡിത’ സാഹിത്യ സാംസ്ക്കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങൾക്കെതിരെ കലഹിക്കുന്ന തസ്ലീമയെ ആത്മകഥയുടെ ഈ മൂന്നാം ഭാഗം പരിചയപ്പെടുത്തുന്നു. സ്ത്രീ പുരുഷന്നു വിത്തിറക്കാൻ ഉള്ള വയലാണെന്നും പുരുഷന്ന് ഇഷ്ടം പോലെ അതിലേക്കിറങ്ങാമെന്നുമുള്ള പരന്പരാഗത വിശ്വാസത്തെയാണ് തസ്ലീമ ചോദ്യം ചെയ്യുന്നത്. സാമൂഹികവും സാന്പത്തികവും രാഷ്ട്രീയവും ലൈംഗികവുമായ നിയമങ്ങളുടെ പീഡനത്തിൽനിന്ന് തസ്ലീമ മോചനം പ്രഖ്യാപിക്കുന്നു. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട, നിന്ദിതരായ, പീഡിതരായ സ്ത്രീകളുടെ ഉണർത്തുപാട്ടാണ് തസ്ലീമയുടെ ഈ ആത്മകഥ. പശ്ചിമ ബംഗാൾ ഗവൺമെൻറ് ഈ കൃതി 2003ൽ നിരോധിക്കുകയുണ്ടായി. എന്നാൽ കൽക്കത്താ ഹൈക്കോടതി ഈ നിരോധനം നീക്കം ചെയ്തു.