വര്‍ത്തമാന കാലഘട്ടത്തിലെ ജീവിതകാഠിന്യങ്ങള്‍ക്കു നേരെയാണ് സാറാ ജോസഫ് എന്ന എഴുത്തുകാരി തന്റെ പേന ഉയര്‍ത്തിപ്പിടിക്കുന്നത്. മാലിന്യങ്ങളുടെ കൂടാരങ്ങളായ റെയില്‍വേ കോളനികള്‍, അഴുക്കുചാലുകള്‍ക്കുമേല്‍ കെട്ടിപ്പൊക്കിയ കീറച്ചാക്കുകളുടെ വാസഗൃഹങ്ങള്‍, ദയനീയമായ ലക്ഷം വീട് കോളനികള്‍ എന്നിവിടങ്ങളിലെല്ലാം ഈ കഥകളിലെ അന്തേവാസികള്‍ ജീവിക്കുന്നു. കൊതുകടിയേറ്റ് ലൈംഗിക സ്വപ്‌നങ്ങള്‍പോലും അവര്‍ക്ക് നിഷിദ്ധമാകുന്നു. അധഃകൃതനാകട്ടെ ഭയന്നു വിറയ്ക്കുന്നു. അവര്‍ നടു കുനിച്ചു, വാ പൊത്തി നില്‍ക്കുന്നു, ചരിത്രത്തിലുടനീളം. ശംബൂകന്റെ മക്കള്‍ ചോദിക്കുന്നു, 'എഴുത്താളരേ എഴുത്തില്‍ ഞങ്ങള്‍ക്കിടം തരാത്തതെന്തേ?' എഴുത്ത് ഇവിടെ മൂര്‍ച്ചയുള്ള ഒരായുധമായി മാറുന്നു, പോരാട്ടത്തിന്റെയും.