P.Valsala വയനാടന്‍ മണ്ണിന്റെ കരുത്തും കാന്തിയും ഹൃദിസ്ഥമാക്കിയ കഥാകാരിയാണ് പി. വത്സല. വിസ്തൃതിയും വൈവിധ്യവുമാര്‍ന്നതാണ് അവരുടെ കഥാലോകം. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വത്സലയുടെ കഥകള്‍ അനാവരണം ചെയ്യുന്നു. അതിരുകളില്ലാത്തതാണ് വത്സലയുടെ അനുഭവലോകം. കഥാപാത്ര സൃഷ്ടിയില്‍ അസാധാരണ വൈഭവം ആ തൂലിക പ്രദര്‍ശിപ്പിക്കുന്നു. പെണ്മനസ്സിന്റെയും ആണ്മനസ്സിന്റെയും സഞ്ചാരപഥങ്ങള്‍ ഒരുപോലെ വത്സലയ്ക്കു മനഃപാഠമാണ്. കവിത തുളുമ്പുന്നതാണ് വത്സലയുടെ ഭാഷ. ശിലയ്ക്കു തുല്യം തീക്ഷ്ണവുമാണ്. കാടിന്റെ ചന്തവും വിശുദ്ധിയും ഗാംഭീര്യവും ആ ഭാഷ ഉള്‍ക്കൊള്ളുന്നു. വത്സലയുടെ ബൃഹത്തായ കഥാപ്രപഞ്ചത്തിന്റെ ഒരു പരിച്ഛേദം ഈ സമാഹാരം കാഴ്ചവയ്ക്കുന്നു.