Yasmina Khadra, യാസ്മിനാ ഖാദ്രയുടെ 'കാബൂളിലെ നാരായണപക്ഷികള്‍' നോവല്‍ ഉള്‍ക്കിടിലം സൃഷ്ടിക്കുന്ന ഒരു വായനാനുഭവമാണ്. ദൈവത്തിന്‍റെ ആളുകളുടെ അധികാരം എങ്ങനെയുള്ളതായിരിക്കും? അധികാരത്തിന്‍റെ ചാട്ടവാര്‍ ചുഴറ്റിക്കൊണ്ട് തീവ്രവാദിതാടിയും തലേക്കെട്ടുമുള്ള മൊല്ലാക്കമാരായിരിക്കും നിങ്ങളുടെ ജീവിതത്തിനു മുകളില്‍ വിധിപ്രഖ്യാപനം നടത്തുക. അവര്‍ കെട്ടിപ്പൊക്കിയ നുണകളായിരിക്കും നിങ്ങളുടെ യാഥാര്‍ത്ഥ്യമായി മാറാന്‍ പോകുന്നത്. നിങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ ആരും ഉണ്ടാവില്ല. നിങ്ങളുടെ ഭാഗം പറയാനുള്ള ഒരവസരവും അവര്‍ നിങ്ങള്‍ക്കു വിട്ടുതരികയുമില്ല. നിങ്ങളുടെ സത്യാവസ്ഥ അറിയുന്ന ആരെങ്കിലും മുന്നോട്ടു വന്നാലും അതു ഫലിക്കുകയില്ല. അയാളും തടവറയുടെ ഇരുട്ടിലേക്കു തള്ളപ്പെടും. കൊല്ലപ്പെടും. യാസ്മിന ഖാദ്രയുടെ ഈ നോവലില്‍ ജനക്കൂട്ടം കല്ലെറിഞ്ഞു കൊല്ലുന്നത് ജീവിതത്തിന്‍റെ അര്‍ത്ഥരാഹിത്യത്തിന്‍റെ മുന്നില്‍ അന്ധാളിച്ചു നില്‍ക്കുന്ന പാവപ്പെട്ട ഒരു സ്ത്രീയേയാണ്. അവള്‍ ആസകലം ഒരു പര്‍ദ്ദയില്‍ മറയ്ക്കപ്പെട്ടു നില്‍ക്കുകയാണ്. നാല്‍ക്കവലയില്‍ അരവരെ അവളെ മണ്ണില്‍ കുഴിച്ചുനിറുത്തിയിരിക്കുകയാണ്. ഖാലിസ്ഥാന്‍ മൊല്ലാക്ക അവള്‍ ചെയ്ത പാപങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് പിന്‍വാങ്ങുന്നതോടെ, ജനക്കൂട്ടം അവളെ ആര്‍പ്പുവിളികളോടെ കല്ലെറിഞ്ഞു കൊല്ലുകയാണ്. ചോരച്ചീളുകള്‍ തെറിപ്പിച്ചുകൊണ്ട് ഊക്കോടെ വന്നുവീഴുന്ന കല്ലുകള്‍ക്കു മുന്നില്‍ നരകവേദനയുടെ ഗര്‍ത്തത്തില്‍ അവള്‍ മരിച്ചുവീഴുന്നു...