Book by Vasanathi അപകടത്തില്‍പ്പെട്ട് തലച്ചോറിനു ക്ഷതമേറ്റ ഒരു പെണ്‍കുട്ടിക്ക് നഷ്ടമായത് അവളുടെ എല്ലാമായ ഇന്നലെകളാണ്. സംഘര്‍ഷങ്ങള്‍ മനസ്സിലൊതുക്കി തന്‍റെ നിയോഗം ഒരു ചെറുപുഞ്ചിരിയോടെ ഏറ്റുവാങ്ങുന്ന അവളുടെ പഴയ കഥയിലെ ഭര്‍ത്താവ് തന്നെയാണ് ഈ കഥയുടെ തിളക്കം. അമ്മ നഷ്ടമായ, സ്നേഹം തേടുന്ന ഒരു കൗമാരപ്രായക്കാരന്‍ സാന്ത്വനം കണ്ടെത്തിയത് തന്‍റെ പ്രിയപ്പെട്ട അധ്യാപികയിലാണ്. പക്ഷേ അവരുടെ ഭാവിവരന് അതു തിരിച്ചറിയാനാകുന്നില്ല. അയാള്‍ അസൂയാലുവും ക്രുദ്ധനുമായി. കൂടു തേടിയ കൗമാരം അനാഥമായി. നീലഗിരിക്കുന്നുകളില്‍ ചോര പടര്‍ന്നു. ജീവിതത്തിന്‍റെ കൈവഴികള്‍ അന്വേഷിച്ചുപോയ പത്മരാജന്‍ എന്ന പ്രതിഭാധനന്‍ വാസന്തിയുടെ രചനകളിലെത്തി ച്ചേര്‍ന്നു.