Book by Juan Carlos Onetti കഥാനായകന്റെ യഥാര്‍ത്ഥ ജീവിതവും അയാള്‍ സങ്കല്പിച്ചുണ്ടാക്കിയ, അയാളാല്‍ നിര്‍മ്മിക്കപ്പെട്ട, ഒരു ഡോക്ടറുടെ ജീവിതവും കൂടിക്കുഴഞ്ഞ് കിടക്കുന്ന നോവല്‍. ഹുവാന്‍ മരിയ ബ്രൗസെന്‍ എന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. സ്തനാര്‍ബുദം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഭാര്യയുടെ ശരീരം അയാള്‍ക്ക് ബീഭത്സമായി തോന്നുന്നു. താന്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ ചുമരിലൂടെ അപ്പുറത്തെ വീട്ടിലെ സംഭാഷണങ്ങള്‍ അയാള്‍ പിടിച്ചെടുക്കുന്നു. ലാ ക്വേക എന്ന വേശ്യയാണവിടെ താമസിക്കുന്നത്. തന്റെ മനഃക്ലേശങ്ങള്‍ക്ക്, പീഡകള്‍ക്ക് അന്ത്യമാകാനായാണ് ആ മുറിയില്‍, തന്റെ സങ്കല്പത്തിലെ ഇരട്ടയെ ഹുവാന്‍ മരിയ ആര്‍സി എന്ന പേരില്‍ സ്ഥാപിക്കാന്‍ അയാള്‍ ശ്രമിക്കുന്നത്. ആര്സിയുടേത് ഒരു 'ഹ്രസ്വജീവിത'മാകുമെന്നും അതിനിടയില്‍ തനിക്ക് മനക്ലേശങ്ങളില്നിന്ന് തിരിച്ച് വരാനാകുമെന്നും ബ്രൗസെന്‍ പ്രതീക്ഷിക്കുന്നു. ഒരിക്കലും എവിടെയുമെത്താത്ത പ്രതീക്ഷ മാത്രമാണത്.