ഈയടുത്ത വർഷങ്ങളിൽ വളരെയധികം ചാഞ്ചാട്ടങ്ങൾ കാഴ്ചവെച്ച ഒരു മേഖലയാണ് ഷെയർ മാർക്കറ്റ്. നഷ്ടക്കണക്കുകളെ പേടിച്ച്, ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തുന്ന പലരും, കഴിഞ്ഞ ഏതാനും വർഷങ്ങളിലായി തങ്ങളുടെ കണക്കുപുസ്തകങ്ങൾ തുറന്നു നോക്കുന്നതു പോലുമില്ല. ഷെയർമാർക്കറ്റിനെക്കുറിച്ച് ഇത്തരം കേട്ടറിവുകളുള്ള ഒരു തുടക്കക്കാരൻ തന്‍റെ ഷെയർ മാർക്കറ്റ് പ്രവേശനം അങ്ങിനെ നീട്ടിക്കൊണ്ടു പോകും. സ്റ്റോക്കുകളും ബോണ്ടുകളും കച്ചവടം (വാങ്ങുകയും വിൽക്കുകയും) ചെയ്യുന്ന ഒരു സ്ഥലത്തെ സൂചിപ്പിയ്ക്കാനാണ് ‘സ്റ്റോക്ക് മാർക്കറ്റ്’ എന്ന വാക്ക് നമ്മൾ നിത്യേന ഉപയോഗിയ്ക്കുന്നത്. ഒരു കമ്പനിയുടെ ഉടമസ്ഥാവകാശത്തിന്‍റെ ഭാഗങ്ങളെയാണ് ‘സ്റ്റോക്കുകൾ’ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. സ്റ്റോക്ക് ഇറക്കി പണം ഉണ്ടാക്കുന്നതിനെ പറയുന്ന പേരാണ് ‘ഇക്വിറ്റി ഫൈനാൻസിങ്’. സ്റ്റോക്കു വാങ്ങിയ നിക്ഷേപകരുടെ കൈയിൽ നിന്നും സ്വീകരിച്ച പണമാണ് ‘ഇക്വിറ്റി കാപിറ്റൽ’. പണം ഉണ്ടാക്കാനായി കമ്പനികൾ സ്റ്റോക്ക് ഇറക്കുന്നു. ഈ പണമുപയോഗിച്ച് അവർ വികസനപ്രവർത്തനങ്ങൾ നടത്തുകയും, യന്ത്രസാമഗ്രികൾ വാങ്ങുകയും, അതുപോലെ പണച്ചെലവുള്ള മറ്റു കാര്യങ്ങൾ നടത്തുകയും ചെയ്യുന്നു. വിജയകരമായി പ്രവർത്തിയ്ക്കുന്നതിനാവശ്യമായ പണം സ്വരൂപിയ്ക്കുന്നതിന് വേണ്ടി കോർപ്പറേറ്റു കമ്പനികളും സ്റ്റോക്ക് ഇറക്കും. കമ്പനിയുടെ ലാഭം കൂടുന്തോറും നിങ്ങൾക്ക് ലഭിയ്ക്കുന്ന ലാഭത്തിലുള്ള പങ്കും കൂടിക്കൊണ്ടിരിയ്ക്കും. അതുപോലെ കമ്പനിയുടെ ലാഭം കുറയുമ്പോൾ, നിങ്ങളുടെ കൈയിലുള്ള സ്റ്റോക്കിന്‍റെ വിലയും കുറയും. നിങ്ങൾ വാങ്ങിയ സ്റ്റോക്കിന്, വാങ്ങിയ വിലയിലും കൂടുതൽ വിലയുള്ള ഒരു ദിവസം അതു വിറ്റാൽ, നിങ്ങൾക്ക് പണമുണ്ടാക്കാം. തങ്ങളുടെ സ്റ്റോക്കുകളുടെ നിലവാരവും മൂല്യവും നിരീക്ഷിയ്ക്കാൻ ഈ പുസ്തകം നിങ്ങളെ പ്രാപ്തരാക്കും. ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കിക്കൊണ്ട് വിപണിയിലിറങ്ങാൻ ഓരോ നിക്ഷേപകനും ഈ പുസ്തകം അവസരം ഒരുക്കും.